Kerala
കൊച്ചി: പ്രതികളുടെ മൗലികവകാശങ്ങള് ലംഘിക്കപ്പെട്ട കേസാണ് നടിയെ അക്രമിച്ച കേസ് എന്ന വാദവുമായി അഡ്വ. ടി.ആർ.എസ് കുമാര്‍. കേസിലെ നാലാം പ്രതിയായ വി.പി.വിജീഷിന്റെ അഭിഭാഷകനാണ് ടി.ആര്.എസ് കുമാര്‍.
രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തു എന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ നിയമപരമായി തെറ്റാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് തങ്ങളെന്ന് അഭിഭാഷകന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
""നടി അക്രമിക്കപ്പെട്ട കേസില്‍ നാലാം പ്രതിക്കു വേണ്ടി കേസ് നടത്തുകയും പ്രതികളെയും നിയമത്തിന്റെയും സാക്ഷിമൊഴികളുടെയും മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കത്തെയും മുന്‍നിർത്തി വെറുതേ വിടണമെന്നു വിചാരണ കോടതിയില്‍ ആവശ്യപ്പെട്ട ഒരു അഭിഭാഷകനാണ്. പ്രതികളെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതും വിധി വന്നതിനു ശേഷവും ജുഡീഷ്യറിയെ അപമാനിക്കുന്നതും ഉചിതമായ നടപടിയല്ല.
അപ്പീൽ നൽകും
അതിജീവിതയ്ക്കും സര്‍ക്കാരിനും വിധി ന്യായത്തില്‍ പിശകുകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ ക്രിമിനല്‍ നടപടിക്രമം പാലിച്ച് അപ്പീല്‍ നൽകാൻ തടസങ്ങള്‍ ഇല്ല. ഞാനും ഈ വിധിയുടെ പിശകുകള്‍ ചൂണ്ടിക്കാണിച്ച് അപ്പീല്‍ നല്‍കുന്നുണ്ട്. ഈ കേസിലെ മെമ്മറി കാര്‍ഡിലെ ഉള്ളടക്കം കണ്ട ഒരു അഭിഭാഷകനാണ്. അതുകൊണ്ട് തന്നെ ഇത് ഒരു ബലാത്സംഘം അല്ല എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
പ്രതികള്‍ കൂട്ടബലാത്സംഘം ചെയ്തു എന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ നിയമപരമായി തെറ്റാണ്. ഇതു ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇനി ഇതു സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചയ്ക്കാണെങ്കില്‍ പൊതുസമൂഹത്തോടു നാലാം പ്രതിക്കു വേണ്ടി സംസാരിക്കാന്‍ തയാറാണ്' - അഭിഭാഷകൻ പറഞ്ഞു.
അതേസമയം, അഞ്ചും ആറും പ്രതികളായ വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കുന്നതിനു കാലതാമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്തു ജാമ്യത്തില്‍ വിടണമെന്നാണ് ആവശ്യം.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്.
കഴിഞ്ഞ ദിവസവും രാഹുൽ കോടതിയിൽ തെളിവുകൾ സമർപ്പിച്ചിരുന്നു. ബുധനാഴ്ച രാഹുലിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി പരിഗണിക്കും. അതേസമയം രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
Kerala
കോട്ടയം: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ അറസ്റ്റിലായ പനച്ചമൂട് സ്വദേശി സുരേഷ്കുമാറിനെ കോട്ടയത്തെത്തിച്ച് തെളിവെടുത്തു. സംഭവദിവസം പ്രതി കേരള എക്സ്പ്രസിൽ കയറിയത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ്.
പ്രതി മദ്യപിച്ച അതിരമ്പുഴയിലെ ബാറിലും തെളിവെടുപ്പ് നടത്തി. കഴിഞ്ഞ രണ്ടിന് രാത്രിയിൽ വർക്കല റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചാണ് പ്രതി യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ പേയാട് സ്വദേശിനി ശ്രീക്കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയൽ പരേഡിൽ യുവതിയുടെ സുഹൃത്ത് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പ്രതി ട്രെയിനിൽ പുകവലിച്ചത് ശ്രീക്കുട്ടി ചോദ്യം ചെയ്തിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ഇയാൾ യുവതിയെ തള്ളിയിടുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു
ബംഗളൂരുവിലെ ഇയാളുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിൽ ആകും തെളിവെടുപ്പ്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി.
ഇത്തരത്തിൽ കൈമാറിയ സ്വർണം കണ്ടെത്താൻ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവിൽ കട്ടിളപ്പാളികൾ സ്വർണം പൂശാൻ നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നു.
ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും. 30ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.